ഒരു ലക്ഷം രൂപയുടെ നിരോധിത മയക്കുമരുന്നുമായി അരീക്കോട് സ്വദേശി പിടിയിൽ

മഞ്ചേരി: നിരോധിത മയക്കുമരുന്ന് ഇനത്തിൽ പെട്ട മാരക മയക്കു മരുന്നായ എംഡിഎംഎയുമായി അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി മുണ്ടക്കാട്ടു ചാലിൽ അക്ബർ (25) നെ മഞ്ചേരി ജസീല ബൈപ്പാസിൽ നിന്നും മഞ്ചേരി എസ് ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടി. വിപണിയിൽ ഒരു ലക്ഷത്തോളം വില വരുന്ന 25 ഗ്രാം എംഡി എംഎ യാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തികൊണ്ടു വരാൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കരിപ്പൂർ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കുറച്ചു ദിവസം മുൻപ് അറസ്റ്റു ചെയ്ത പ്രതിയിൽ നിന്നും മഞ്ചേരിയിലെ ലഹരിക്കടത്ത് സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് മഞ്ചേരി അരിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നും മയക്കു മരുന്ന് കേരളത്തിലെത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഗ്രാമിന് 4000-5000 രൂപവരെയാണ് ചില്ലറ വില്പനക്ക് ഇവർ ഈടാക്കുന്നത്.

വളരെ ചെറിയ അളവിൽ കൈവശം വച്ചാൽ പോലും പിടിക്കപ്പെട്ടാൽ വലിയ ശിക്ഷയാണ് ലഭിക്കുക. മഞ്ചേരിയിലെ നിരവധി സ്കൂൾ കോളേജ് വിദ്യാർത്ഥികളടക്കം നിരവധി ആളുകൾക്ക് ഇയാൾ വില്ലന നടത്തി വന്നിരുന്നതായി അന്വോഷണത്തിൽ മനസിലായിട്ടുണ്ട്. ഇയാളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും, സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വോഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി പ്രതിപ്, നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ഷംസ് എന്നിവരുടെ നിർദ്ദേശപ്രകാരം മഞ്ചേരി എസ് ഐ രാജേന്ദ്രൻ നായർ, ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ ,ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ , പി സഞ്ജീവ് , കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ , എന്നിവരെ കൂടാതെ മഞ്ചേരി സ്റ്റേഷനിലെ ഹരിലാൽ, ബോസ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.