മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാഗംങ്ങൾക്ക് സഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നു. എസ്കോർട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകൾ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും, ഒരു ടാറ്റ ഹാരിയർ കാറുമാണ് വാങ്ങുന്നത്. പൊലീസ് മേധാവി നൽകിയ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. പണം ചെലവഴിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
KL01 CD 4857 , KL01 CD 4764 എന്നീ നമ്പരുകളിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി ഉപയോഗിച്ചിരുന്നത്. ഈ കാറുകൾ ഇനി മുതൽ ഈ ഉപയോഗത്തിന് പറ്റുന്നതല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന് പൊലീസ് മേധാവി കത്ത് നൽകിയത്. പൊലീസ് മേധാവിയുടെ ആവശ്യം പ്രത്യേക കേസായി പരിഗണിച്ചാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.
പൈലറ്റ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കപ്പെടുന്ന വാഹനം ആഭ്യന്തരവകുപ്പിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് തൽക്കാലം നിർത്തിവച്ചുവെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാർ തീരുമാനം വലിയ വിവാദത്തിന് ഇടവച്ചിരിക്കുകയാണ്.