ഹെറോയിന്‍ കോഴിക്കോട്ടെ ഏജന്റിന് നല്‍കാനെന്ന് സാംബിയന്‍ യുവതി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കിലോഗ്രാം ഹെറോയിനുമായി ഡി.ആര്.ഐ. സംഘം പിടികൂടിയ യുവതി റിമാഡില്‍. സാംബിയ സ്വദേശിനി ബിഷാലോ സോക്കോ(40)യെയാണ് ഒക്ടോബര്‍ ഏഴുവരെ മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.നീതു റിമാന്‍ഡ് ചെയ്തത്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഹെറോയിന്‍ സാമ്പിള്‍ എടുത്ത് കോഴിക്കോട് ഫൊറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചു.
കോഴിക്കോടുള്ള ഒരു ഏജന്റിന് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് യുവതി ചോദ്യം ചെയ്ലയില് പറഞ്ഞിരുന്നു. 30 കോടിയിലധികം രൂപ വില വരുന്ന ഹെറോയിനാണ് ബുധനാഴ്ച പുലര്‍ച്ചെ 2.25ന് ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തിലെത്തിയ ബിഷാലോ സോക്കോയില്നിന്ന് പിടികൂടിയത്. ഇവരുടെ സഹായികളായവരെക്കുറിച്ച് ഡി.ആര്.ഐക്കു സൂചന ലഭിച്ചിട്ടുണ്ട്.
ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണ്‍ വഴിയാണ് ഇവര്‍ ദോഹയിലെത്തിയത്. ബാഗേജിനകത്ത് പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. വിവരം മുന്‍കൂട്ടി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്.ഐ. സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
കൊച്ചിയില്‍ കഴിഞ്ഞ ജൂണിലും ജൂലൈയിലും വിദേശികളില്‍നിന്ന് ഒമ്പതര കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു. ദുബായില്‍നിന്ന് കഴിഞ്ഞ ജൂലൈയിലെത്തിയ ടാന്‍സാനിയ സ്വദേശി അഷ്റഫ് സാഫിയില്‍നിന്ന് നാലരക്കിലോ മയക്കുമരുന്ന് ഡി.ആര്.ഐ. സംഘമാണ് പിടികൂടിയിരുന്നത്. ജൂണില്‍ സിംബാബ്വേ സ്വദേശിനിയില്‍നിന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി.
രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളാണ് കരിപ്പൂരിലും കൊച്ചിയിലും മയക്കുമരുന്നുമായി പിടിയിലായവര്‍. നേരത്തെ ബംഗളുരു, ചെന്നൈ വിമാനത്താവളങ്ങളാണ് മയക്കുമരുന്നുകടത്ത് സംഘം ഇടത്താവളമാക്കിയിരുന്നത്. എന്നാല്‍ കേരളത്തിലും സംഘം പിടിമുറുക്കുകയാണെന്ന് ഡി.ആര്.ഐ. പറഞ്ഞു.