കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരാണ് പിടിയിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി ലോറികളിലും ആഢംബരകാറുകളിലും രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘങ്ങളെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനാണ് വിവരം ലഭിച്ചത്.
ആഢംബര കാറിനുള്ളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിലും പരിസരങ്ങളിലും പല ഭാഗങ്ങളിലായി പൊലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു.
മലപ്പുറം വലിയങ്ങാടി ബൈപ്പാസിൽ വച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം രൂപ മുതൽ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്. ആവശ്യക്കാർക്ക് വിൽപനനടത്താൻ തയ്യാറാക്കിയ ചെറിയ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു .
സി.ഐ. ജോബി തോമസ്, എസ് .ഐ. അമീറലി, പ്രത്യേക സംഘത്തിലെ C.P.മുരളീധരൻ ,C.P.സന്തോഷ്, എൻ.ടി.കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, എം.മനോജ്കുമാർ, കെ.ദിനേശ്, പ്രബുൽ, സക്കീർ കുരിക്കൾ, സിയാദ് കോട്ട, രജീഷ് , ദിനു, ഹമീദലി, ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.