കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അതൃപ്തി പരിഹരിക്കണം:രാഹുൽ
മലപ്പുറം: കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ സങ്കീർണമാക്കരുതെന്നും മുതിർന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാനതലത്തിൽ തന്നെ ചർച്ച ചെയ്തു പരിഹരിക്കണമെന്നും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി എം.പി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശമേകി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും നടത്തിയ ചർച്ചയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പങ്കെടുത്തു. മുതിർന്ന നേതാക്കളിൽ നിന്ന് പരാതി ഉയരാനിടയായ സാഹചര്യം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിശദീകരിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഇന്നലെ രാവിലെ 8.15ഓടെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധിയെ സ്വീകരിക്കാൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, എം.കെ.രാഘവൻ എം.പി, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. തുടർന്ന് വിശ്രമത്തിനായി കടവ് റിസോട്ടിലേക്ക് പോയ രാഹുലുമായി ഇവിടെ വച്ചാണ് ചർച്ച നടത്തിയത്.
ഉച്ചയ്ക്ക് 12ന് കാളികാവിലെ ഹിമ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച രാഹുൽഗാന്ധി തുടർന്ന് കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9.10ന് കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
മോദിക്ക് എല്ലാമറിയാമെന്ന അഹങ്കാരം
രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ മനസ്സിലാക്കാതെ, ഇന്ത്യയെക്കുറിച്ച് തനിക്കെല്ലാം അറിയാമെന്ന അഹങ്കാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി എം.പി പറഞ്ഞു. കാളികാവിലെ ഹിമ തണൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷ, സംസ്കാരം, ആചാരങ്ങൾ എന്നിവയിലെ വൈവിദ്ധ്യങ്ങളെ വിനയത്തോടെ വേണം മനസ്സിലാക്കാൻ. അഹങ്കാരത്തോടെ സമീപിക്കുന്നവർ വിഡ്ഢികളാവും. വിവിധ സംസ്കാരങ്ങളെ അടുത്തറിയാനാണ് തന്റെ ശ്രമം. സവർക്കറെപ്പോലുള്ളവർക്ക് ഇന്ത്യയെന്നാൽ കേവലം ഭൂപടത്തിലെ വരകളാണ്. അതിനുള്ളിലെ ജനങ്ങളെ കാണുന്നില്ല. ഇന്ത്യയെന്നാൽ ഇവിടെ ജീവിക്കുന്ന ജനങ്ങളും ഭാഷ, മത, സാംസ്കാരിക ബന്ധങ്ങളാൽ കോർത്തിണക്കപ്പെട്ടതുമാണ്. ഈ ബന്ധങ്ങൾ തകർക്കുക വഴി ഇന്ത്യയെന്ന ആശയത്തെയാണ് പ്രധാനമന്ത്രി ഇല്ലാതാക്കുന്നത്. വിദ്വേഷത്തെ വിദ്വേഷം കൊണ്ട് നേരിടാനാവില്ല. സമൂഹത്തിൽ വിദ്വേഷത്തിന്റെ ഒരു തുള്ളി അവർ വമിപ്പിക്കുമ്പോൾ, രണ്ട് തുള്ളി കാരുണ്യമാണ് നമ്മൾ നൽകേണ്ടതെന്നും രാഹുൽഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എം.പിമാരായ അബ്ദുസമദ് സമദാനി, പി.വി.അബ്ദുൾ വഹാബ് തുടങ്ങിയവർ പങ്കെടുത്തു.