അലർജിത്തട്ടിപ്പിന് അനധികൃത ലാബുകളും
തിരുവനന്തപുരം: സംസ്ഥാനത്ത് രക്ത പരിശോധനയിലൂടെ അലർജി കണ്ടെത്താമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ലബോറട്ടറികളിലേറെയും അനധികൃതം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്തവയാണ് ഈ ലബോറട്ടറികൾ. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കൽ ലബോറട്ടറികൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. കൊവിഡ് പശ്ചാത്തലത്തിൽ രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ അലർജി രക്തപരിശോധന നടത്തിയ ലബോറട്ടറികളിൽ പലതിനും രജിസ്ട്രേഷൻ ഇല്ല.
രക്ത പരിശോധനയിലൂടെ മാത്രം അലർജി കണ്ടെത്താനാവില്ലെന്ന് സംസ്ഥാന സർവീസിലുള്ള വിദഗ്ധ ഡോക്ടർമാരടക്കം വ്യക്തമാക്കിയിരുന്നു. ആദ്യമായി അലർജി പരിശോധനയുടെ പേരിലുള്ള പരസ്യം വന്നപ്പോൾ തന്നെ അലർജി ഡോക്ടർമാരുടെ സംഘടനയായ അക്കാഡമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നിവയ്ക്ക് പരാതി നൽകിയിരുന്നു. അവയിലൊന്നും കാര്യമായ അന്വേഷണം നടക്കാത്തത് തട്ടിപ്പുകാർക്ക് ഗുണകരമായി.
ആദ്യം മുംബൈയിലെ ലബോറട്ടറിയുടെ പേരിലായിരുന്നു സംസ്ഥാനത്ത് അലർജിയുടെ പേരിലുള്ള രക്തപരിശോധന നടന്നത്. അതേപ്പറ്റി വ്യാപകമായ പരാതികളുയർന്നപ്പോൾ അതേപരസ്യം ചെന്നൈ ലബോറട്ടറിയുടെ പേരിൽ ആവർത്തിക്കുകയായിരുന്നു. തുടർന്ന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധമുള്ള “ക്യാപ്സ്യൂൾ കേരള’യുടെ കൺവീനർ എം.പി. അനിൽകുമാറാണ് വീണ്ടും പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവരോട് ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ലബോറട്ടറികളിൽ ചിലത് അനധികൃതമാണെന്ന് കണ്ടെത്തിയത്. കൊവിഡ് കാലമായതിനാൽ ലബോറട്ടറികൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചില്ല. കൊവിഡ് പരിശോധനകൾ ഉൾപ്പെടെ തടസപ്പെടാൻ പാടില്ലാത്തതിനാലാണിതെന്ന് കൗൺസിൽ അധികൃതർ അറിയിച്ചു.
രക്തപരിശോധനയിലൂടെ അലർജി കണ്ടെത്താനാവുമോ എന്നത് സംബന്ധിച്ച് വിദഗ്ധ സമിതി രൂപീകരിച്ച് ഈ അലർജി ടെസ്റ്റിന്റെ ആധികാരികതയെപ്പറ്റി നിർദേശം നൽകണമെന്നഭ്യർഥിച്ച് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇതിന്മേലുള്ള സർക്കാർ നിർദേശപ്രകാരമാവും കൗൺസിലിന്റെ തുടർ നടപടി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിർദേശം തേടിയിരിക്കുകയാണ്.