തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു

നാദാപുരം: തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി.പി.അബ്ദുൽ മജീദിന്റെയും സമീറയുടെയും മകൻ മുഹമ്മദ് നിഹാൽ(20) ആണു മരിച്ചത്. തെരുവുനായ് കുരച്ചുകൊണ്ട് പിന്തുടർന്നപ്പോൾ കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയപ്പോൾ അമിത വേഗത്തിലെത്തിയ കാർ നിഹാലിനെ ഇടിച്ചു വീഴ്‌ത്തുക ആയിരുന്നു.

സുഹൃത്തിന്റെ വീട്ടിലേക്കു നടന്നു പോകുന്നതിനിടയിലാണ് നിഹാലിനു നേരെ പട്ടി കുരച്ചു ചാടിയത്. പേടിച്ചു പോയ നിഹാൽ പട്ടി പിന്തുടർന്നപ്പോൾ റോഡിലൂടെ ഓടുന്നതിനിടെ അമിതവേഗത്തിൽ പുറമേരി ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നിഹാൽ ഇന്നലെ രാവിലെയാണു മരിച്ചത്. കബറടക്കം നടത്തി. മുസ്ലിം യൂത്ത് ലീഗ് തലായി ശാഖാ വൈസ് പ്രസിഡന്റാണ്.