സംശയരോഗിയായ ഭർത്താവിന്‍റെ ക്രൂരപീഡനത്തിൽ മലപ്പുറം സ്വദേശിനിയുടെ മരണം; വായിൽ രാസവസ്തു ഒഴിച്ചെന്ന് പൊലീസ്
മലപ്പുറം: ബാലുശേരി വീര്യമ്പ്രത്ത് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശരീരമാസകലം പരിക്കേറ്റ ഉമ്മുക്കുൽസു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംശയ രോഗത്തെത്തുടര്‍ന്നാണ് ഇയാള്‍ ഉമ്മുക്കുല്‍സുവിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു.
ഉമ്മുക്കുൽസുവിന്‍റെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ്. പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നിട്ടുണ്ട്. അസ്ഥികൾക്കും പൊട്ടലേറ്റിട്ടുണ്ട്. വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തില്‍ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തു.
താജുദ്ദീനുമായി അകൽച്ചയിലായിരുന്ന ഉമ്മുക്കുല്‍സു സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയത്. ഒരാഴ്ച മുമ്പ് താജുദ്ദീന്‍റെ സുഹൃത്ത് സിറാജുദ്ദീന്‍ കുടുംബവുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീര്യമ്ബ്രത്തെ വീട്ടില്‍ താജുദ്ദീനും ഉമ്മുക്കുൽസുവും എത്തിയിരുന്നു. ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സിറാജുദ്ദീനും കുടുംബവും വെള്ളിയാഴ്ച പകൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകിട്ട് അവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ തളർന്നുവീണു കിടന്ന നിലയിൽ ഉമ്മുക്കുൽസുവിനെ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു ഉമ്മുക്കുൽസു. സിറാജുദ്ദീന്‍ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.