ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനിടെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. ഒക്ടോബർ 18 മുതൽ മുഴുവൻ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികൾക്ക് സർവീസ് നടത്താം. നിലവിൽ 85 ശതമാനം സർവീസുകൾ മാത്രമാണ് കമ്പനികൾ നടത്തുന്നത്.
കോവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് മുഴുവൻ വിമാനസർവീസുകളും നടത്താനുള്ള അനുമതി നൽകുകയാണെന്ന് വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിമാനകമ്പനികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ലോക്ഡൗൺ കഴിഞ്ഞ് വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ 50 ശതമാനം സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. പിന്നീട് ഇത് ഘട്ടംഘട്ടമായി ഉയർത്തുകയായിരുന്നു.