മലമ്പുഴ, മലങ്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു: ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

പാലക്കാട്‌: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഇതോടെ കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഉയര്‍ത്തി. 1.30 മീറ്ററാണ് ഉയര്‍ത്തിയത്. പത്ത് മിനിറ്റില്‍ 10 സെ.മീ. കണക്കില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകള്‍ തുറന്നതിനാല്‍ സെക്കന്റില്‍ 265.865 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 400 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചുപോയി. ഏഴു പേരെ കാണാതായി.