നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി രണ്ട് വനിതകള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ കൊക്കെയ്‌നുമായി പിടിയിലായ രണ്ട് നൈജീരിയന്‍ വനിതകൾ റിമാന്‍ഡില്‍. മുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് യുവതികളെന്നാണ് ഡിആര്‍ഐ കണ്ടെത്തല്‍. സംശയം തോന്നാതിരിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തി അവിടെനിന്നാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ ലഹരിഇടപാടുകള്‍ നടത്തിയിരുന്നത്.
നൈജീരിയന്‍ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗില്‍ നിന്ന് 580 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്.അന്താരാഷ്ട്ര വിപണിയില്‍ അഞ്ചരക്കോടി വിലമതിക്കും ഈ ലഹരിമരുന്ന്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആര്‍ഐ പരിശോധിച്ചത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നെടുമ്പാശേരിയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനായാണ് കൊക്കൈയ്ന്‍ എത്തിച്ചതെന്ന വിവരം കിട്ടുന്നത്.വാട്‌സാപ്പില്‍ കാനോ സിം പേ യോട് സിവി ഒലോത്തിയെ ബന്ധപ്പെടാന്‍ ഡിആര്‍ഐ ആവശ്യപ്പെട്ടു. കൂട്ടുകാരി പിടിയിലായ വിവരം അറിയാതെ സിവി ഒലോത്തി ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡിആര്‍ഐ സിവി ഒലോത്തിയേയും അറസ്റ്റ് ചെയ്യുന്നത്. നാല് വര്‍ഷമായി മുബൈ കേന്ദ്രീകരിച്ചാണ് സിവി ഒലോത്തിയുടെ പ്രവര്‍ത്തനങ്ങള്‍.
സംശയം തോന്നാതിരിക്കാന്‍ നൈജീരിയയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ലഹരിമരുന്ന് ഇവര്‍ കൈമാറിയിരുന്നത്. മുബൈ ഡിആര്‍ഐ യില്‍ നിന്ന് ലഹരിഇടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് ഡിആര്‍ഐ തീരുമാനം. റിമാന്‍ഡിലായ യുവതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി.