ജ്യൂസിൽ മയക്കുമരുന്നു നൽകി 17കാരിയെ കാമുകനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു, നാല് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട്ടിലെ കുറ്റ്യാടിയെ ഞെട്ടിച്ച് കൂട്ടബലാത്സംഗ ആരോപണം. പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേർന്ന് 17കാരി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ദലിത് വിദ്യാർത്ഥിനിയുടെ പരാതിയിൽ കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റ്യാടി സ്വദേശിയായ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ നാദാപുരം എഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോഴിക്കോട് കുറ്റ്യാടിയിൽ ഈ മാസം മൂന്നിനാണ് സംഭവം. വിനോദ സഞ്ചാരത്തിന് എന്ന പേരിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ കൊണ്ടുപോയി കാമുകനും കൂട്ടുകാരും ചേർന്ന് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നതാണ് പരാതി. ജ്യൂസിൽ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.
ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തിൽ റോഡിൽ ഇറക്കിവിട്ടതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. കാമുകന്റെ കൂടെയാണ് പെൺകുട്ടി പോയത് എന്നതു കൊണ്ടു തന്നെ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.