ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോര്

ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഇന്ന് തീപാറും. നേർക്കുനേരിറങ്ങുന്നത് ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും. അതും അഞ്ചു വർഷങ്ങൾക്കു ശേഷം. ദുബായിൽ രാത്രി 7.30 മുതലാണ് സൂപ്പർ 12 റൗണ്ടിൽ രണ്ടാം ഗ്രൂപ്പിലെ വമ്പൻമാരുടെ പോരാട്ടം. മത്സരത്തിന് അനുവദിച്ച ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുപോയി. കാൽ ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ 70 ശതമാനമാണ് പ്രവേശനം. ഇതിന് മുമ്പ് 2016ലെ ട്വന്റി-20 ലോകകപ്പിൽ മാർച്ച് 19ന് ഈഡൻ ഗാർഡൻസിലാണ് ഇരു ടീമും മുഖാമുഖം വന്നത്. മത്സരത്തിൽ ഇന്ത്യ 6 വിക്കറ്രിന് ഉജ്ജ്വല വിജയം നേടി. രണ്ട് സന്നാഹ മത്സരത്തിലും ജയിച്ചുകയറിയ കൊഹ്‌ലിപ്പടയാണ് ഇത്തവണ ഹോട്ട് ഫേവറിറ്റ്. ലോകകപ്പോടു കൂടി ട്വന്റി-20 ക്യാപ്‌ടൻ സ്ഥാനം ഒഴിയുന്ന കൊഹ്‌ലി കിരീടവുമായി സൈൻഓഫ് ചെയ്യാനാണ് ഒരുങ്ങുന്നത്.

വിജയം മാത്രം

ലോകകപ്പ് വേദികളിൽ ഇതുവരെ ഇന്ത്യ പാകിസ്ഥാനോട് തോറ്റിട്ടില്ല

2012-13ന് ശേഷം ഇരു രാജ്യങ്ങളും ഐ.സി.സി ടൂർണമെന്റിൽ ഒഴികെ ഏറ്റുമുട്ടിയിട്ടില്ല

ലൈവ് :

സ്റ്റാർ സ്പോട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും

റാങ്കിംഗ്

ഇന്ത്യ രണ്ടാമതും പാകിസ്ഥാൻ മൂന്നാമതും

ആദ്യ ജയം ആസ്ട്രേലിയയ്ക്ക്

സൂപ്പർ 12ൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് ജയം. ഗ്രൂപ്പ് 1ലെ മത്സരത്തിൽ ആസ്ട്രേലിയ അ‌ഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെയാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 2 പന്ത് ബാക്കിൽ നിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (121/5).