ഒന്നര വർഷത്തിന് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുന്നു
തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം ഇന്ന് വിദ്യാലയങ്ങളിൽ കുട്ടികളുടെ കിലുകിലുക്കം.വിദ്യാർത്ഥികളെ വരവേൽക്കാനുള്ള ഉത്സാഹത്തിലാണ് അദ്ധ്യാപകർ.ക്ളാസിലിരിക്കാനും കൂട്ടുകൂടാനുമുള്ള ആവേശത്തിലാണ് കുട്ടികൾ.
കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ആദ്യഘട്ടത്തിൽ ഒന്നു മുതൽ ഏഴു വരെയും 10,12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്. 8,9 പ്ളസ് വൺ ക്ലാസുകൾ 15 ന് തുടങ്ങും. ഹാജർ പേടി വേണ്ട, ആദ്യ രണ്ടാഴ്ച ഉച്ച വരെയാവും ക്ളാസുകൾ. ക്ളാസുകൾ രണ്ടായി വിഭജിക്കും. ഓരോ ബാച്ചിനും മൂന്ന് ദിവസം തുടർച്ചയായി ക്ളാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കും. രാവിലെ ഒമ്പതിന് ക്ളാസുകൾ തുടങ്ങും. കുട്ടികളുമായി വരുന്ന രക്ഷിതാക്കൾ സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കരുത് . സോപ്പ് , സാനിറ്റൈസർ , തെർമൽ സ്കാനർ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്കൂളുകളിൽ സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ആശങ്ക വേണ്ട
സ്കൂളുകൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്ക് ഒരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും ,എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്കൂളുകളിൽ ആകെ കുട്ടികളുടെ എണ്ണം 25 ശതമാനമായി നിജപ്പെടുത്തണം.
ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതമേ പാടുള്ളു. ഭക്ഷണം കഴിക്കുമ്പോൾ രണ്ട് മീറ്റർ അകലം പാലിക്കണം. അദ്ധ്യാപകർ കുറവുള്ള സ്കൂളുകളിൽ അദ്ധ്യാപക നിയമനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.446 സ്കൂളുകൾക്കാണ് ഫിറ്റ്നസ് ലഭിക്കാനുള്ളത് . 2282 അദ്ധ്യാപകരാണ് വാക്സിൻ എടുക്കാനുള്ളത്. ഈ അദ്ധ്യാപകർ സ്കൂളിൽ വരേണ്ടതില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. അവർ ഓൺലൈനായി കുട്ടികളെ പഠിപ്പിക്കും.
ഇന്ന് സ്കൂളിലേക്ക്
ആകെ സ്കൂളുകൾ…..15,452
ആകെ വിദ്യാർത്ഥികൾ…. 4,26,5273
ആകെ അദ്ധ്യാപകർ …..1,75,000
അനദ്ധ്യാപകർ….. 25,000