അൻസിയുടെയും അൻജനയുടെയും മരണത്തിനിടയാക്കിയ കാറപകടം: ഡ്രൈവർക്ക് മദ്യഗന്ധം; ഡിജെ പാർട്ടിയിൽ കാറിലെ സഞ്ചാരികൾ മദ്യം ഉപയോഗിച്ചതായും സംശയം
കൊച്ചി: ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപെട്ട് യുവതികൾ മരണപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവറെ മദ്യം മണത്തിരുന്നവെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. അപകട സ്ഥലത്ത് നിന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നു. ആശുപത്രിയിൽ ഇയാളുടെ രക്തം പരിശോധിക്കാൻ എടുത്തിട്ടുണ്ട്. ഇതോടെ അപകടത്തിന് കാരണം ലഹരിയാണെന്ന് ഏറെക്കുറേ ഉറപ്പിക്കാൻ കഴിയും.
കാറിലുണ്ടായിരുന്നവരും ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. ഡി.ജെ പാർട്ടിയിൽ ഇവർ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാം. യുവതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നുള്ളത് പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ അറിയാനാകൂ. മരണപ്പെട്ട അൻസീ കബീറിന്റെയും അൻജനാ ഷാജന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. പരിക്കേറ്റ യുവാക്കൾ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ മുഹമ്മദ് ആഷിക്കിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കാർ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുൾ മുഹമ്മദിന് സാരമായി പരിക്കേറ്റെങ്കിലും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇയാൾക്കാണ് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന് രക്ഷാ പ്രവർത്തനം നടത്തിയവർ പറഞ്ഞത്.
ചികിത്സയിൽ കഴിയുന്ന യുവാക്കൾ രണ്ടു പേരും വിദേശത്തേക്ക് ജോലിക്ക് പോകാനായുള്ള ശ്രമത്തിലായിരുന്നു. ഇതിനായുള്ള നീക്കു പോക്കുകൾ അവസാന ഘട്ടത്തിലായിരുന്നു ഇതിനിടയിലാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ സൽമാൻ എന്നയാളുടേതാണ്. സൽമാന്റെ പക്കൽ നിന്നും ഇവർ കാർ വാങ്ങി എറണാകുളത്തേക്ക് ഡി.ജെ പാർട്ടിക്ക് പോകുകയായിരുന്നു. അൻസി അൻജനക്കൊപ്പം തൃശൂരിൽ ഉണ്ടായിരുന്നു. ഇവിടെ നിന്നും ഇവർ നാലുപേരും ഒരുമിച്ചാണ് എറണാകുളത്തേക്ക് വന്നതെന്നാണ് വിവരം. പാർട്ടി കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ദേശീയ പാതയിൽ പാലാരിവട്ടത്തിന് സമീപം ചക്കരപറമ്പിൽ വച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഫോർഡ് ഫിഗോ കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ച് കാർ തകരുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടു ആഷിക്കും അബ്ദുൾ റഹ്മാനും ആശുപത്രിയിൽ ചികിത്സയിലാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പ്രാഥമികമായി അറിയിച്ചു.
കാർ ബ്രേക്ക് ചെയ്തതായി യാതൊരു സൂചനകളും റോഡിൽ ഇല്ലായിരുന്നു. ടയറുകൾ വശത്തെ ഡിവൈഡറിൽ ഉരഞ്ഞതായുള്ള പാടുകൾ മാത്രമാണുണ്ടായിരുന്നത്. ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം കാറിന്റെ ടയറുകൾ ഇടതു വശത്തെ ഡിവൈഡർ കടന്ന് മുന്നോട്ട് പോയി മരത്തിൽ ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്നയാൾ തെറിച്ച് വശത്തേക്ക് വീണതിനാൽ വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. മരത്തിലിടിച്ച കാറിന്റെ ടയറുകൾ വളഞ്ഞൊടിഞ്ഞു. പിൻ ചക്രങ്ങളിലൊന്ന് നൂറുമീറ്ററോളം അകലേക്ക് തെറിച്ചു പോയി. വീണ്ടെടുക്കാനാവാത്തവിധം വാഹനം പൂർണ്ണമായും തകർന്നു.