യുവാവിനെ നടുറോഡിൽ ആക്രമിച്ച് ഭാര്യാസഹോദരൻ; പിന്നിൽ ‘ദുരഭിമാനം’

തിരുവനന്തപുരം: ദുരഭിമാനത്തിന്റെ പേരിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്‌ണയെയാണ് ഭാര്യാ സഹോദരനും ഡോക്‌ടറുമായ ദാനിഷ് ആക്രമിച്ചത്. ഞായറാഴ്‌ചയായിരുന്നു സംഭവം നടന്നത്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ മിഥുൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

I

ഒക്ടോബർ 29 നായിരുന്നു മിഥുന്റെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ദീപ്‌തിയും മിഥുനും വിവാഹിതരാകുന്നത്. വിവാഹത്തെ തുടർന്ന് ദീപ്‌തിയുടെ വീട്ടുകാർ പരാതി നൽകുകയും ഇരുവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചെയ്‌തിരുന്നു.

എന്നാൽ, ഭർത്താവിനൊപ്പം പോകണമെന്ന ദീപ്‌തിയുടെ നിലപാടിൽ കേസ് സ്റ്റേഷനിൽ വച്ചുതന്നെ ഒത്തു തീർപ്പാക്കി. പിറ്റേദിവസം ദീപ്‌തിയുടെ സഹോദരൻ ഇരുവരെയും കാണാൻ ചെല്ലുകയും വീട്ടുകാരുമായി സംസാരിച്ച് മതം മാറാതെ വിവാഹം കഴിക്കാമെന്ന് പറയുകയും ചെയ്‌തു. അമ്മയ്‌ക്ക് ഇരുവരെയും കാണണമെന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്നെയും മിഥുനേയും ഒപ്പം കൂട്ടി പുറത്ത് പോയതെന്നാണ് ദീപ്‌തിയുടെ മൊഴി.

വീടിന് സമീപത്തെത്തിയതോടെ വാഹനം നിറുത്തുകയും പുറത്തിറങ്ങി മിഥുനിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ദീപ്‌തിയുടെ മുഖത്തും കവിളിലും വയറ്റിലും മർദ്ദനമേറ്റു. സഹോദരനെതിരെ ചിറയിൻകീഴ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ജാതി വിളിച്ച് അധിക്ഷേപിച്ചതായും ദീപ്തിയുടെ പരാതിയിൽ പറയുന്നു.