മുംബൈ: അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് തടഞ്ഞത്. യുഎഇയില്‍ നിന്നുള്ള വിമാനത്തിലാണ് ക്രൂനാല്‍ പാണ്ഡ്യ തിരിച്ചെത്തിയത്. ഈ സമയം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. നവംബര്‍ 10 ന് ദുബയില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മല്‍സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് അഞ്ചാം കിരീടമെന്ന റെക്കോര്‍ഡ് നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു ക്രുനാല്‍ പാണ്ഡ്യ. ഐപിഎല്‍ 2020ല്‍ 109 റണ്‍സ് നേടിയ ക്രുനാല്‍ പാണ്ഡ്യ 16 മല്‍സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളും നേടിയിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 71 മല്‍സരങ്ങളാണ് കളിച്ചത്. മാത്രമല്ല, ഐപിഎല്‍ 2017 ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു.