ജീവനക്കാർ ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ എല്ലാ ബുധനാഴ്ചയും കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. എം.എൽ.എമാരും ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണം. സ്‌കൂൾ യൂണിഫോം കൈത്തറിയാക്കിയത് ഈ മേഖലയ്ക്ക് വലിയ ഉണർവേകി. സർക്കാർ സ്ഥാപനങ്ങൾ ഇത്തരം ഉത്പന്നങ്ങൾ വാങ്ങുമ്പോൾ കൈത്തറിക്ക് മുൻഗണന നൽകണം. നിയമസഭയിൽ വിരിപ്പുകളും മറ്റും വാങ്ങുമ്പോൾ കൈത്തറിക്ക് മുൻഗണന നൽകുമെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.

75 ഖാദി ഷോറൂമുകൾ

സംസ്ഥാനത്ത് 75 പുതിയ ഖാദി ഷോറൂമുകൾ തുടങ്ങുമെന്ന് മന്ത്രി രാജീവ് അറിയിച്ചു. സ്റ്റിച്ചിംഗ്, ഓൾട്ടറേഷൻ, ലോൺട്രി സൗകര്യങ്ങളും പാർക്കിംഗും ഉൾപ്പെടെ ആധുനിക നിലവാരത്തിലുള്ള ഷോറൂമുകളാകും ആരംഭിക്കുക. എം.എസ്.എം.ഇ മേഖലയിലെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് അന്താരാഷ്ട്ര നിലവാരമുള്ള എക്സിബിഷൻ സെന്റർ കാക്കനാട്ട് ആരംഭിക്കും.