ഇന്ത്യയുടെ വാക്സിനെടുത്തയാളുകൾക്ക് ഇനിമുതൽ ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: പൂർണമായും വാക്സിനേഷൻ സ്വീകരിച്ച തൊണ്ണൂറ്റിയൊൻപത് രാജ്യങ്ങളിലെ പൗരൻമാർക്ക് ഇനി മുതൽ ഇന്ത്യയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്ര ആഗമനങ്ങൾക്കായുള്ള മാർഗനിർദേശത്തിൽ ഇന്ത്യയുടെ കൊവിഡ് 19 വാക്സിൻ സർട്ടിഫിക്കേറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളിലെ പൗരൻമാർക്ക് ഇന്ത്യയിൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. യുഎസ്, യുകെ, ഖത്തർ, ഫ്രാൻസ്, ജർമനി തുടങ്ങിയ തൊണ്ണൂറ്റിയൊൻപത് രാജ്യങ്ങൾക്കാണ് അനുമതി.

പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കാണ് വിമാനത്താവളത്തിൽ നിന്നും പുറത്തുപോകാൻ അനുമതി നൽകുന്നത്. ഇവർ പതിനാല് ദിവസം സ്വയം നിരീക്ഷിച്ചാൽ മതിയാകും. ഭാഗികമായി വാക്സിനേഷൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെ കൊവിഡ് ടെസ്റ്റിന് വിധേയരാകണം. ഇതിന് ശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്നും പുറത്ത് പോകാൻ സാധിക്കുകയുള്ളൂ. തുടർന്ന് ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ പാലിക്കണം. എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുകയാണെങ്കിൽ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷിക്കണം.

കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ യാത്രക്കാർക്ക് അനുവദിച്ച എല്ലാ വിസകളും ഇന്ത്യ താത്ക്കാലികമായി നിർത്തിവച്ചിരുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെയും ഇന്ത്യയിലെ ആഗമനത്തെതുടർന്നുള്ള കൊവിഡ് ടെസ്റ്റിൽ നിന്നും ആരോഗ്യമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ എത്തുന്നവരിൽ കൊവിഡ് ലക്ഷണങ്ങളുള്ളവരും ഹോം ക്വാറന്റൈനിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും കൊവിഡ് ടെസ്റ്റിന് വിധേയമാകുകയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം.