വാഹന ഡീലറെക്കൊണ്ട്‌ അമിതനികുതി തിരികെ നല്‍കിപ്പിച്ച്‌ എം.വി.ഡി; വാഹനം വാങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് ആര്‍.ടി.ഒ

അങ്കമാലി: അമിതമായി വാങ്ങിയ വാഹന നികുതി ഡീലറില്‍നിന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ തിരികെ നല്‍കിപ്പിച്ചു. വാഹന രജിസ്‌ട്രേഷന്‍ സമയത്ത്‌ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ്‌ ടാറ്റ മോട്ടേഴ്‌സിന്റെ ഡീലര്‍ ഒരു ശതമാനം നികുതിക്ക്‌ പകരം അഞ്ച്‌ ശതമാനം തുക നികുതിയിനത്തില്‍ ഈടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടത്‌.

തുടര്‍ന്ന്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവച്ച്‌ ഡീലര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാന്‍ ജോ.ആര്‍.ടി.ഒ. നിര്‍ദേശിക്കുകയും വിശദീകരണം തൃപ്‌തികരമല്ലാതിരുന്നതിനാല്‍ തുക തിരികെ നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഉടമയ്‌ക്ക്‌ നാല്‍പ്പതിനായിരം രൂപ തിരികെ ലഭിച്ചു. പത്ത്‌ ലക്ഷത്തില്‍ കൂടുതല്‍ വിലവരുന്ന വാഹനങ്ങള്‍ക്ക്‌ ഒരു ശതമാനം ടി.സി.എസ്‌. നല്‍കണമെന്നാണ്‌ നിയമം. എന്നാല്‍ പല ഡീലര്‍മാരും ഈ പേരില്‍ അമിത തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌.

വാഹനം വാങ്ങുമ്പോള്‍ ജാഗ്രതയോടെയായിരിക്കണമെന്നും ഫിനാന്‍സ്‌ ആക്‌ട്‌ 2021 അനുസരിച്ച്‌ സ്‌പെസിഫൈഡ്‌ പഴ്‌സന്‍ ആണെങ്കില്‍ മാത്രമെ അഞ്ചു ശതമാനം നികുതി അടയ്‌ക്കേണ്ടതുള്ളൂവെന്നും ജോയിന്റ്‌ ആര്‍.ടി.ഒ: കെ.കെ. രാജീവ്‌ അറിയിച്ചു.
വാഹന പരിശോധനകള്‍ക്ക്‌ അസിസ്‌റ്റന്റ്‌ മോട്ടോര്‍ വിഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ സുനില്‍കുമാര്‍, സിജു ജോസഫ്‌, ശ്രീറാം എന്നിവര്‍ നേതൃത്വം നല്‍കി.