ഗോവയിൽ നിന്ന് പെയിന്റുമായി വന്ന ലോറിയിൽ സ്പിരിറ്റും മദ്യവും; മഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് ലോറിയിൽ കടത്തുകയായിരുന്ന 1800 ൽ അധികം ലിറ്റർ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. ലോറി ഡ്രൈവർ അറസ്റ്റിലായി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്.

1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവുമാണ് ലോറിയിൽ നിന്ന് പിടികൂടിയത്. ഗോവയിൽ നിന്ന് തൃശ്ശൂരിലേക്ക് പെയിന്റുമായി പോവുകയായിരുന്നു ലോറി. പെയിന്റ് പാത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും.

ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്പിരിറ്റും മദ്യവും കടത്തുന്നതിന് ഗോവയിൽ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്‌സൈസിന്റെ തീരുമാനം. തൃശ്ശൂരിലെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കും. ഇതിന് മുമ്പും ഇത്തരത്തിൽ കടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

അതേസമയം മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് തിരുവനന്തപരുത്ത് നിന്ന് പിടികൂടി. വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ച്യൂയിംഗത്തിന്റെയും ചോക്‌ലേറ്റിന്റെയും രൂപത്തിലായിരുന്നു ലഹരിമരുന്ന്. സമ്മാന പൊതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ 244 ഗ്രാം ആംഫെറ്റമിൻ, 25 എൽഎസ്ഡി സ്റ്റാമ്പ്, രണ്ടുഗ്രാം മെതാക്വലോൺ എന്നിവ പിടിച്ചെടുത്തു. ബെഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊറിയറായാണ് ലഹരിമരുന്ന് എത്തിയത്. കൊറിയർ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്ന് എൻസിബി ചെന്നൈ വിഭാഗം അറിയിച്ചു.