ഭാര്യാമാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: കുഞ്ഞിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഭാര്യാമാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തമിഴ്നാട് സേലം ഓമലൂർ മുത്തംപട്ടി മങ്ങാണിക്കാട് ഗോവിന്ദരാജിനെ(31) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാമാതാവ് തമിഴ്നാട് ദീവാട്ടിപ്പട്ടി സ്വദേശിനി സാവിത്രിയുടെ പരാതിയിലാണ് നടപടി. ജൂൺ 14ന് സാവിത്രിയും മകൾ തെന്നരസിയും(25)​ താമസിക്കുന്ന പെരിന്തൽമണ്ണയിലെ ക്വാർട്ടേഴ്സിലേക്ക് ഗോവിന്ദരാജും മറ്റു രണ്ട് പേരും കയറിച്ചെന്നു. 11 മാസം പ്രായമായ ഇവരുടെ കുട്ടിയെ വിട്ടുകിട്ടുന്നതിനെ ചൊല്ലി പ്രശ്നമുണ്ടാവുകയും തെന്നരസി ഗോവിന്ദരാജിനെതിരേ പൊലീസിൽ പരാതിയും നൽകിയിരുന്നു. വീട്ടിലെത്തിയ ഗോവിന്ദരാജ് ഇതിന്റെ വിരോധത്താൽ തെന്നരസിയെ മർദ്ദിച്ചു. ഇത് തടയാൻ ചെന്ന സാവിത്രിയെ ചവിട്ടിപ്പരിക്കേൽപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വധശ്രമം അടക്കമുള്ള വകുപ്പുകളിൽ പൊലീസ് കേസെടുത്തു. ഇതോടെ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പെരിന്തൽമണ്ണ എസ്.ഐ. സി.കെ.നൗഷാദിന്റെ നേതൃത്വത്തിലുള്ള തുടരന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് അവിടെ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെത്തിച്ച പ്രതി കുറ്റം സമ്മതിതോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഈ സംഭവത്തിന് ശേഷം ജൂൺ 22ന് തമിഴ്നാട്ടിലെ വീരിയംതണ്ട എന്ന സ്ഥലത്തുണ്ടായ അടിപിടിയിൽ സാവിത്രിയുടെ മൊഴിപ്രകാരം ഗോവിന്ദരാജിനെതിരെ ദീവാട്ടിപ്പട്ടി പൊലീസും കേസെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളെ മഞ്ചേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതു പ്രകാരം സ്റ്റേഷനിൽവച്ച് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.