മൊഫിയയുടെ ആത്മഹത്യ: ഭര്‍ത്താവടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍
കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാന്‍ഡില്‍. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍(27) ഭര്‍ത്തൃപിതാവ് യൂസഫ്(63) ഭര്‍ത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കുകയായിരുന്നു.
അതിനിടെ, പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രതികള്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതിയെ മര്‍ദിച്ചതായും പരാതിയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്