ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽച്ചെന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഇന്നലെ രാത്രി മദ്യം കഴിച്ച് രണ്ട് യുവാക്കൾ മരണമടഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിന് സമീപം തട്ടുക്കട നടത്തുന്ന പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ് മരണമടഞ്ഞത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.

ഫോർമാലിൻ മദ്യത്തിൽ ഒഴിച്ച് നിശാന്തും വെള്ളത്തിൽ ചേർത്ത് ബിജുവും കുടിച്ചെന്നാണ് നിലവിലെ നിഗമനം. ഇരുവരുടേയും ആന്തരിക അവയവങ്ങൾ എല്ലാം വെന്ത അവസ്ഥയിലാണ്. ഫോർമാലിൻ ആരെങ്കിലും ഇവരെകൊണ്ട് കുടിപ്പിച്ചതാണോ അതോ രണ്ട് പേരും അബദ്ധത്തിൽ കുടിച്ചതാണോ എന്ന് തെളിഞ്ഞിട്ടില്ല. സംഭവത്തിലെ ദുരൂഹതകൾ നീക്കുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് തൂശൂർ റൂറൽ എസ് പി ജി പൂങ്കുഴലി പറഞ്ഞു.

നേരത്തെ വാങ്ങിച്ചുവച്ച മദ്യത്തിൽ ആരെങ്കിലും ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കടയിൽ സൂക്ഷിച്ചിരുന്ന ഫോർമാലിൻ വെള്ളമാണെന്ന് കരുതി കുടിച്ചതാണോ എന്നും സംശയമുണ്ട്. ഫോർമാലിൻ നിശാന്തിന്റെ പക്കൽ എങ്ങനെയെത്തി എന്നാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ ഇരുവരും വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞുവെന്നായിരുന്നു കരുതിയിരുന്നത്. ഇന്നലെ രാത്രി മദ്യം കഴിച്ച ഇരുവർക്കും ഇതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.