മുംബൈ:അനുവദനീയമായ അളവിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിന് മുംബൈ വിമാനത്താവളത്തിൽ വെച്ച് റെവന്യൂ ഇൻ്റലിജൻസ് തടഞ്ഞ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ 6 മണിക്കൂർ ചോദ്യം ചെയ്തു എന്ന് റിപ്പോർട്ട്. ഡിആർഐയും എയർപോർട്ട് കസ്റ്റംസും ചേർന്നാണ് താരത്തെ ചോദ്യം ചെയ്തത്. കൈവശമുണ്ടായിരുന്ന ആഡംബര വാച്ചുകൾ പിടിച്ചെടുത്തു എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
നാല് വാച്ചുകളാണ് പാണ്ഡ്യയുടെ കയ്യിൽ ഉണ്ടായിരുന്നത്. ഒമേഗയും ആംബുലർ പിഗ്വേയുമായിരുന്നു ഇവ. ഒരു കോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാച്ചുകൾ ഇപ്പോൾ എയർപോർട്ട് കസ്റ്റംസിൻ്റെ കസ്റ്റഡിയിലാണ്. വൈകിട്ട് 5.30ഓടെയാണ് താരത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. അർദ്ധരാത്രിയോടെ വിട്ടയച്ചു. വാച്ചുകളുടെ കൃത്യമായ മൂല്യം കണക്കാക്കിയതിനു ശേഷം 38 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും പിഴയും അടച്ചാൽ മാത്രമേ വാച്ചുകൾ വിട്ടുനൽകൂ. ഇവ അടയ്ക്കാൻ തയ്യാറെന്ന് പാണ്ഡ്യ പറഞ്ഞു എന്നാണ് സൂചന.
ദുബായിൽ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാർക്ക് 50,000 രൂപ മൂല്യമുള്ള സ്വർണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാൻ അനുവാദമുള്ളത്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണം കൊണ്ടുവരാം. കൃണാൽ പാണ്ഡ്യ അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിനാൽ ഡ്യൂട്ടി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം.