അമേരിക്കൻ സെന്ററിന് മുന്നിൽ പ്രതിഷേധം നടത്തിയ ഡിവൈഎഫ്ഐ പിങ്ക് പൊലീസ് നടപടിയിൽ എവിടെയാണ് പ്രകടനം നടത്താൻ പോകുന്നതെന്ന് പറയൂ റഹീമേ
ആറ്റിങ്ങൽ: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനോട് ഒറ്റ ചോദ്യവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. കുട്ടിയോടുള്ള കേരള പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ എവിടെയാണ് പ്രകടനം സംഘടിപ്പിക്കുന്നതെന്നാണ് ശ്രീജിത് പണിക്കരുടെ ചോദ്യം.
അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കളുടേതെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്റെ പരോക്ഷ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയസഖാവ് എ എ റഹിമിനോട് ഒരു ചെറിയ ചോദ്യം.
അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡി വൈ എഫ് ഐ.
ആറ്റിങ്ങലിൽ എട്ടു വയസുള്ള പെൺകുട്ടിയോട് പിങ്ക് പൊലീസ് കാട്ടിയ ക്രൂരമായ നടപടിയെ കേരളാ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത് താങ്കൾ ശ്രദ്ധിച്ചു കാണുമല്ലോ. കേരളാ പൊലീസിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്?
BlackLivesMatter പോലെ #GirlLivesMatter എന്നതും പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നു.
സ്നേഹം,
പണിക്കർ
പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പൊലീസിനെയും സർക്കാരിനെയും ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. യൂണിഫോമിട്ടാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും, കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് എന്ത് അവകാശമാണുളളതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.