ആധാർ- വോട്ടർ പട്ടിക ബന്ധിപ്പിക്കലിന് കേന്ദ്രം
ന്യൂഡൽഹി: വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെ തെരഞ്ഞെടുപ്പു രംഗത്ത് സുപ്രധാന പരിഷ്കരണങ്ങൾക്കു കേന്ദ്ര സർക്കാർ. 2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശ പ്രകാരമുള്ള ഭേദഗതികൾ നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാൻ- ആധാർ ബന്ധിപ്പിക്കൽ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ കൂടുതൽ അവസരം തുടങ്ങിയവയാണു പ്രധാന ഭേദഗതി. വോട്ടർപട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കുക, കള്ളവോട്ട് തടയുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ആധാർ- വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നത്. പാൻ- ആധാർ ബന്ധിപ്പിക്കലിനു സമാനമായാകും നടപടി. എന്നാൽ, വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വോട്ടർ സ്വമേധയാ ആകും ഇതു ബന്ധിപ്പിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിൽ ചുരുക്കം ചിലയിടങ്ങളിൽ നടപ്പാക്കിയപ്പോൾ ഇരട്ടിപ്പ് ഒഴിവായതുൾപ്പെടെ നേട്ടമുണ്ടായെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പതിനെട്ടു തികയുന്ന കന്നി വോട്ടർമാർക്ക് ഓരോ വർഷവും നാലു തവണ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരം നൽകുന്നതാണ് രണ്ടാമത്തെ ഭേദഗതി. നിലവിൽ വർഷം ഒരു തവണ മാത്രമേ ഇതിന് അവസരമുള്ളൂ. സർവീസ് ഓഫിസർമാരിൽ ലിംഗ സമത്വം ഉറപ്പാക്കാനുള്ള ഭേദഗതിക്കും അനുമതി നൽകി.
തെരഞ്ഞെടുപ്പു നടത്താൻ കമ്മിഷന് ഏതു കേന്ദ്രവും ഏറ്റെടുക്കാമെന്നതാണു മറ്റൊരു ഭേദഗതി. നിലവിൽ സ്കൂളുകളും ചില സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിൽ എതിർപ്പുയരുന്നതു കണക്കിലെടുത്താണ് കമ്മിഷന് കൂടുതൽ അധികാരം നൽകുന്നത്.