ഇലക്‌ട്രിക് ഓട്ടോകളിലെ യാത്രക്കാരെ വഴിയിലിറക്കി വിടുന്നു, സിഐടിയു നേതൃത്വത്തിനെതിരെ രണ്ട് ദിവസത്തിനിടെ നാല് പരാതികൾ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോയിലെ യാത്രക്കാരെ സിഐടിയു പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കി വിടുന്നതായി പരാതി. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പരാതികളാണ് പൊലീസിന് ലഭിച്ചത്.
നിലവിൽ ഇലക്‌ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സംസ്ഥാനത്ത് എവിടെയും സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇലക്‌ട്രിക് ഓട്ടോകൾക്ക് അഞ്ച് വർഷത്തെ നികുതിയിളവ് സംസ്ഥാന സർക്കാരും നല്‍കുന്നു. പക്ഷെ നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് കോർപ്പറേഷന്‍ പെർമിറ്റ് നിർബന്ധമാക്കണമെന്ന നിലപാടിലാണ് സിഐടിയു.
ഇലക്‌ട്രിക് ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കണമെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ സർവീസ് നടത്തുന്നവരെ തടയാൻ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ മുകുന്ദന്‍ പറഞ്ഞു. ആകെ ലഭിച്ച നാല് പരാതികളിൽ രണ്ടെണ്ണത്തിൽ പൊലീസ് കേസെടുത്തു.