പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി
കൊച്ചി: പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നു. പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തിൽ ലഹരി സംഘങ്ങൾ സജീവമാകുമെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ പിടികൂടിയത്.
പൊലീസിനെ കണ്ട് ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് ചാടി ഒരു യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാക്കനാട് മില്ലുപടി ജങ്ഷനു സമീപമുള്ള ഹോളീ ഫെയ്ത് ലേക്ക് വ്യൂ എന്ന ഫ്ലാറ്റിൽ നിന്നുമാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും ഹാഷിഷുമടക്കമുള്ളവയുമായി കോഴിക്കോട് നെന്മണ്ട സ്വദേശി ഷിനോ മെർവിൻ(28), കൊല്ലം ഓച്ചിറ സ്വദേശി റിജു(38), കരുനാഗപ്പള്ളി സ്വദേശി നജീബ്(40) കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ്(25), ഇടുക്കി തൊടുപുഴ സ്വദേശിനി മറിയം ബിജു(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കായംകുളം പുതുപ്പള്ളി സ്വദേശി അതുൽ ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ്. പരിക്ക് ഭേദമാകുന്ന മുറക്ക് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്. ലഹരി നടക്കുന്ന വിവരം രഹസ്യമായി അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവർ.
പൊലീസിനെ കണ്ട് ഭയന്ന് അതുൽ രക്ഷപെടാനുള്ള ശ്രമത്തിനിടെ താഴേക്ക് ചാടുകയായിരുന്നു. കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേയ്ക്കു വീണതിനാൽ വൻ ദുരന്തം ഒഴിവായി. ഷീറ്റു തുളച്ചു താഴെ വീണെങ്കിലും തോളെല്ലിനു പരുക്കേറ്റതൊഴിച്ചാൽ ഗുരുതര പരുക്കില്ല. ഇയാളെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായവർ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും നടത്തി വരികയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
പ്രതികൾ എല്ലാവരും മയക്കു മരുന്ന് വിൽപ്പന നടത്തുന്നവരാണ്. യുവതിയുടെ മൊബൈൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളിൽ ഒരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായി പോകുകയാണ് എന്ന് പറഞ്ഞാണ് ഇയാൾ നാട്ടിൽ നിന്നും ഇവിടേക്ക് വന്നത്. പിന്നീട് ലഹരി മാഫിയ സംഘത്തിന്റെ വലയിൽപെടുകയായിരുന്നു.
അതേ സമയം ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ 9995966666 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് സന്ദേശം അയക്കുകയോ നാർക്കോട്ടിക് സെൽ പൊലീസ് അസി.കമ്മീഷ്ണറുടെ 9497990065 എന്ന നമ്പറിലേക്കോ ഡാൻസാഫിന്റെ 9497980430 എന്ന നമ്പറിലേക്കോ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായിരിക്കുമെന്നും പൊലീസ് പറഞ്ഞു.