അഗസ്ത്യാർകൂടം കൊടുമുടിയിൽ ട്രക്കിങ്; ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെ

തിരുവനന്തപുരം: അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെ ട്രക്കിങിന് വനംവകുപ്പ് സൗകര്യം ഏർപ്പെടുത്തി. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാർകൂടം.

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.

ദുർഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാൽ നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികൾ പാടില്ല. സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവരെ യാത്രയ്ക്ക് അനുവദിക്കും.

ടിക്കറ്റ് പ്രിന്റൗട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും സഹിതം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രക്കിങ് ദിവസം രാവിലെ ഏഴിന് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി വഴി ഗൈഡിനെ ഏർപ്പെടുത്തും.ഫോൺ: 0471-2360762.