ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത; യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മർദ്ദനം

കണ്ണൂർ : കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പപ്രസിൽ വച്ച് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചു. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ച് യാത്രക്കാരനെ മർദ്ദിച്ചത്.

സ്ലീപ്പർ കംമ്പാർട്ട് മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ്  ഉദ്യോഗസ്ഥൻ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ്  തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ഇതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാൾ പറഞ്ഞു.  മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനമുണ്ടായത്.

എന്നാൽ താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എഎസ്ഐ പ്രമോദ് വിശദീകരിക്കുന്നു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.