ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട വിനോദ് ഇനി പിഎച്ച്ഡി പഠനത്തിലേക്ക് കടക്കുന്നു.
നാട്ടില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ ഗുഹയിലും പരിസരങ്ങളിലുമായാണ് വിനോദ് വളര്‍ന്നത്.
മലപ്പുറം: നിലമ്പൂര്‍ ഉള്‍ക്കാട്ടിലെ ഗുഹയില്‍ ജനിച്ച് കുസാറ്റില്‍ ചേര്‍ന്ന് എംഫില്‍ പൂര്‍ത്തിയാക്കിയ ചോലനായ്ക്ക യുവാവിൻ്റെ പഠനം ഇനി ഡോക്‌ട്രേറ്റിന്. ചോലനായ്ക്ക, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളെ കുറിച്ചാണ് പിഎച്ച്ഡി പഠനം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(കുസാറ്റ്) യില്‍ പി കെ ബേബിക്ക് കീഴിലാണ് പഠനം. ഇവിടെവെച്ചുവെച്ചുതന്നെയാണ് അപ്ലെഡ് ഇക്കണോമിക്‌സില്‍ വിനോദ് എംഫില്‍ പൂര്‍ത്തീകരിച്ചതും.
നിലമ്പൂര്‍ മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലൻ്റെയും വിജയയുടെയും മകനായ വിനോദിൻ്റെ ലക്ഷ്യം ആദിവാസികളുടെ ഉന്നമനത്തിനുതകുന്ന മികച്ചൊരു ജോലിനേടുക എന്നതാണ്. ഇതിലൂടെ താന്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും വിനോദ് കരുതുന്നു. നാട്ടില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ ഗുഹയിലും പരിസരങ്ങളിലുമായാണ് വിനോദ് വളര്‍ന്നത്. രാജ്യത്തുതന്നെ അവശേഷിക്കുന്ന അഞ്ഞൂറില്‍ താഴെയുള്ള ഗുഹാവാസികളാണു ചോലനായ്ക്കര്‍. ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. വിനോദിന് അഞ്ചുവയസുള്ളപ്പോഴാണ് കുടുംബം നാട്ടിന്‍പുറത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മാഞ്ചീരി കോളനിയിലേക്കു താമസം മാറ്റിയത്. ബാല്യത്തില്‍ കാട്ടുവിഭവങ്ങള്‍ മാത്രമായിരുന്നു വിനോദിൻ്റെ ഭക്ഷണം.