കരിപ്പൂർ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു.

മലബാറിലെ തീർഥാടകരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുൽ വഹാബ് എന്നിവരാണ് പ്രധാനമന്ത്രിക്കു കത്തെഴുതിയത്.

മലപ്പുറം: കരിപ്പൂർ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു.

മുസ്ലീം ലീഗ് എംപിമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം എം കെ രാഘവൻ എംപി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം കരിപ്പൂരിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

 

 

കരിപ്പൂർ ഹജ്ജ് ഹൗസ്

മലബാറിലെ തീർഥാടകരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുൽ വഹാബ് എന്നിവരാണ് പ്രധാനമന്ത്രിക്കു കത്തെഴുതിയത്. ഹജ്ജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയതിനു പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

അതേസമയം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ തിരിച്ച് എത്തിക്കാത്തതിലും പ്രതിഷേധം തുടരുകയാണ്. നാടിനെ നടുക്കിയ വിമാന ദുരന്തത്തിനുശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് പ്രതിഷേധങ്ങൾ ശക്തമായതോടെ കാലവർഷത്തിനുശേഷം വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. എന്നാൽ കാലവർഷം കഴിഞ്ഞിട്ടും ഇതുവരെ കരിപ്പൂരിൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിച്ചിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാക്കാൻ പ്രൈവറ്റ് വിമാനത്താവള ലോബികൾ ശ്രമിക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്.