ഷോൾഡറിൽ പിടിച്ച് പുറത്തേക്ക് തള്ളി; രക്ഷപ്പെട്ടത് ഒരു വിധത്തിൽ’; ആശുപത്രി അധികൃതരുടെ വീഴ്ച പറഞ്ഞ് കോഴിക്കോട് പീഡനശ്രമം നേരിട്ട യുവതി
കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരുവിധത്തിലെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റിൽ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും യുവതി പറഞ്ഞു.വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ഹോം ക്വാറന്റീൻ പറ്റില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. തുടർന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇതിനിടെ ഉപ്പായ്ക്കും ഉമ്മായ്ക്കും കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ എത്തി. രണ്ട് പേരെയും രണ്ട് മുറിയിലാണ് ആക്കിയത്. ഇവരെ ഒരുമിച്ച് ഒരു മുറിയിലേക്ക് മാറ്റുന്നതിനുള്ള സഹായത്തിനായി റിസപ്ഷനിലേക്ക് പോയി. അവിടെ പിപിഇ കിറ്റ് ധരിച്ചിരുന്ന ഒരാൾ ഇടപെട്ട് ഒരു നഴ്‌സിനെ തന്റെ കൂടെ വിട്ടു. തുടർന്ന് ഉപ്പായേയും ഉമ്മായേയും ഒരു മുറിയിലാക്കി താൻ തിരികെ റൂമിലെത്തി. ഇതിനിടെയാണ് രാത്രി സെക്യൂരിറ്റി ജീവനക്കാരന്റെ മെസേജും കോളും വരുന്നത്. എന്തിനാണ് ഇപ്പോൽ മെസേജ് അയച്ചതെന്ന് ചോദിച്ചപ്പോൾ സംസാരിക്കണമെന്ന് പറഞ്ഞു. എങ്ങനെ നമ്പർ കിട്ടിയെന്ന് ചോദിച്ചപ്പോൾ മറ്റൊരു സ്റ്റാഫിനെ വച്ച് എടുത്തുവെന്നായിരുന്നു അയാളുടെ മറുപടിയെന്ന് യുവതി പറഞ്ഞു.കുറച്ചു സമയം കഴിഞ്ഞപ്പോൾ ഡോക്ടർ വിളിക്കുന്നുവെന്ന് പറഞ്ഞ് പിപിഇ കിറ്റ് ധരിച്ച ഒരാൾ എത്തി. സ്റ്റെയർ ഇറങ്ങി വരാമെന്ന് പറഞ്ഞപ്പോൾ ലിഫ്റ്റിൽ നിർബന്ധിച്ച് കയറ്റി. ലിഫ്റ്റ് തുറന്നപ്പോൾ ഇരുട്ടായിരുന്നു. ഇതിനിടെ അയാൾ തന്റെ ഷോൾഡറിൽ പിടിച്ചു തള്ളി. രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. തന്നോട് സംസാരിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. ഒരുവിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ലിഫ്റ്റിൽ കയറി മുകളിൽ എത്തിയപ്പോഴേക്കും ശരീരം വിയർത്ത് നാവ് കുഴഞ്ഞിരുന്നു. ആശുപത്രി അധികൃതരോട് കാര്യം പറഞ്ഞു. പൊലീസിൽ വിളിക്കാൻ അവർ തയ്യാറായില്ല. ഗൂഗിൾ സെർച്ച് ചെയ്ത് അത്തോളി പൊലീസ് സ്റ്റേഷനിലെ നമ്പർ കണ്ടെത്തി താൻ തന്നെ വിളിച്ചാണ് പരാതി പറഞ്ഞതെന്നും യുവതി .