ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ നാല് കുട്ടികളെയും എടകരയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളേയും കണ്ടെത്തി. നാലു പേരെ മലപ്പുറത്തു നിന്ന് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് തീവണ്ടിയിൽ പാലക്കാട്ടെത്തിയ ശേഷം ഇവർ മലപ്പുറത്തേക്ക് വരികയായിരുന്നു. എടക്കരയിൽ നിന്നാണ് നാലുപേരെ പിടികൂടിയത്. കുട്ടികൾക്ക് രക്ഷപ്പെടാൻ പുറത്തു നിന്ന് സഹായം കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തൽ.

പരാധീനതകൾ നിറഞ്ഞതാണ് വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോം പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിൽ കൺമുന്നിൽ ദിവസവും കണ്ടിട്ടും വേണ്ട അറ്റകുറ്റപണി നടത്താനോ കുട്ടികളുടെ സുരക്ഷയുറപ്പിക്കാനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇവിടെ സി.സി.ടി.വി ക്യാമറപോലും സ്ഥാപിച്ചിട്ടില്ല. ക്യാമറ സ്ഥാപിക്കണമെന്നും ചുറ്റുമതിൽ പുതുക്കിപ്പണിയണമെന്നും ഉള്ള ആവശ്യം വീണ്ടും ചർച്ചയാവുകയാണ് ഇപ്പോൾ.

ഇവിടെ താമസിക്കുന്നവരിൽ പലരേയും മുമ്പും കാണാതായ സംഭവമുണ്ടായിട്ടുമുണ്ട്. വെള്ളിമാട്കുന്നിലെ സാമൂഹിക നീതി വളപ്പിലാണ് പെൺകുട്ടികൾക്കായുള്ള ചിൽഡ്രൻസ് ഹോമും പ്രവർത്തിക്കുന്നത്. പക്ഷേ, ഗേൾസ് ഹോമിനെ ആരും പരിഗണിക്കുന്നില്ല. കാണാതായി മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടികൾക്ക് എങ്ങനെ ബെംഗളൂരു വരെ എത്താനുള്ള സഹായം ലഭിച്ചുവെന്നതും ദുരൂഹമാണ്.

ബുധനാഴ്ച റിപ്പബ്ലിക് ദിനാഘോഷത്തിനിടെയായിരുന്നു ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായത്. ഇവരിൽ ആറ് പേരും ബെംഗളൂരുവിൽ എത്തുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് പേരെ നേരത്തെ പിടികൂടി. ബാക്കിയുള്ളവരെയാണ് ഉച്ചയോടെ മലപ്പുറത്ത് നിന്ന് പിടികൂടിയത്.

പെൺകുട്ടികൾക്ക് ബെംഗളൂരുവിലേക്ക് കടക്കാൻ പണം നൽകി സഹായിച്ചത് സുഹൃത്തുക്കളെന്നാണ് സൂചന. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കൾ പണം ഗൂഗിൾ പേ വഴി കൈമാറിയെന്നാണ് റിപ്പോർട്ട്. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് പണം നൽകിയതെന്നാണ് സൂചന. ഗൂഗിൾ പേ പണം കൈമാറ്റമുള്ളതുകൊണ്ടു തന്നെ വ്യക്തമായ തെളിവുകൾ കിട്ടും.

ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തിറങ്ങിയ കുട്ടികൾ ആദ്യം എത്തുന്നത് കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിലേക്കാണ്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 500 രൂപ തിരികെ അയച്ചു നൽകി. ഇങ്ങനെ ബസ് യാത്രക്കുള്ള പണം കണ്ടെത്തി.കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ ഇവർ പാലക്കാടേക്ക് തിരിച്ചു. എന്നാൽ ആറുപേർക്ക് പാലക്കാട്ടേക്ക് പോകാൻ 500 രൂപ തികയാത്തതിനാൽ കണ്ടക്ടറിൽ നിന്നും 2000 രൂപ വാങ്ങി, അത് സുഹൃത്ത് വഴി വീണ്ടും ഗുഗിൾ പേയിലൂടെ തിരികെ നൽകി. ബസ് ടിക്കറ്റ് എടുത്ത ബാക്കി തുകകൊണ്ട് ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി.
റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികൾ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയതോടെ ടിടിആർ വഴിയിൽ ഇറക്കി വിട്ടു. മറ്റൊരു ട്രെയിനിൽ കയറിയാണ് ഇവർ മടിവാളയിൽ എത്തിയത്. അവിടെയെത്തി ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് പിടിക്കപ്പെടുന്നത്. കുട്ടികളെ കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവക്കാർ അവരെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ആറ് പെൺകുട്ടികളിൽ രണ്ട് പേരെയാണ് ഇതിനകം കണ്ടെത്തിയത്. ഒരാളെ കഴിഞ്ഞ ദിവസം ഹോട്ടലിൽ വെച്ചു രണ്ടാമത്തെ പെൺകുട്ടിയെ മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയുമാണ് കണ്ടെത്തിയത്.

സ്വകാര്യബസിൽ നാട്ടിലേക്കു വരുമ്പോൾ മണ്ഡ്യയിൽ വച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ പിടികൂടിയത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ അമ്മയുടെ നമ്പരാണ് പെൺകുട്ടി നൽകിയത്. ബസ് ജീവനക്കാർ വിളിച്ചപ്പോൾ അമ്മ ഫോണെടുത്ത് വിവരങ്ങൾ പറഞ്ഞു. തുടർന്ന് ബസ് ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തന്റെ ഒപ്പമുണ്ടായിരുന്നവർ ഗോവയ്ക്കു പോയിട്ടുണ്ടാകാമെന്നാണ് പിടിയിലായ പെൺകുട്ടി പൊലീസിനോടു പറഞ്ഞത്. ഇതിനിടെയാണ് എടക്കരയിൽ നിന്നും കുട്ടികളെ പിടിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന 2 യുവാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ യുവാക്കൾ കൊല്ലം, തൃശൂർ സ്വദേശികളെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ യുവാക്കളെത്തി അന്വേഷിച്ചതിനുശേഷമാണ് നാലരയോടെ പെൺകുട്ടികളുമായി ഹോട്ടലിൽ മുറി ബുക്ക് ചെയ്യാനെത്തിയത്. സംശയം തോന്നി ഹോട്ടൽ അധികൃതർ തടഞ്ഞു വച്ചതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട ഇവരിൽ ഒരാളെ മഡിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. മഡിവാള മാരുതിനഗറിലെ സർവീസ് അപ്പാർട്മെന്റിൽ മുറിയെടുക്കാൻ എത്തിയ ഇവരുടെ കൈയിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടൽ അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തും മുൻപേ 5 പെൺകുട്ടികൾ ജീവനക്കാരെ വെട്ടിച്ച് ഓടിപ്പോയി.

26 നു വൈകിട്ട് 5 മണിയോടെയാണു 15 നും 17 നും ഇടയിൽ പ്രായമുള്ള ആറു പെൺകുട്ടികളെ കാണാതായ വിവരം ചിൽഡ്രൻസ് ഹോം അധികൃതർ അറിയുന്നത്. പരിസരങ്ങളിലെല്ലാം തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു 7 മണിയോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് രാത്രി മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. അപ്പോഴേക്ക് ഇവർ കേരളം വിട്ടിരുന്നു.