സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; ഒളിപ്പിച്ചത് കടലാസ് കെട്ടുകൾക്കിടയിൽ


തൃശൂർ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. കൊടകരയിൽ നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിലായി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്നാണ് വിവരം.

കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം പൊന്നാനി സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തുന്നു വെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ പരിശോധന ശക്തമാക്കിയിരുന്നു. ചാലക്കുടി ഡിവൈഎസ്‌പി .സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അഞ്ച് കോടി രൂപയോളം ചില്ലറവിപണിയിൽ വിലവരുന്ന മുന്തിയ ഇനംകഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലിസ് അറിയിച്ചു. കൂടുതൽ വിരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.