വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്ററില്‍ തുടരും
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി.
തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സുരേഷ്.
അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചുതുടങ്ങി. മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിക്കുമ്പോള്‍ വാവ സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെടുകയായിരുന്നു.
പാമ്പിന്‍വിഷം ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാകാന്‍ 48 മണിക്കൂര്‍ വേണം. അതുവരെ വെന്റിലേറ്റര്‍ സഹായത്തില്‍ തുടരും.