തിരൂരിൽ ലഹരി വിൽപന സംഘം പിടിയിൽ
തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന നാലംഗ സംഘത്തെ തിരൂർ പോലീസ് പിടികൂടി. ചെമ്പ്ര സ്വദേശികളായ പറമ്പാട്ട് ഷെഫീഖ് (32), തെയ്യത്തിൽ മുഹമ്മദ് മുസ്തഫ (40), പുന്നയിൽ മുബീൻ (28), തെക്കുംമുറി സ്വദേശി കൊടിയേരി പ്രജിത്ത് (31) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്-കർണാടക അതിർത്തി പ്രദേശങ്ങളിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് തിരൂരിലും പരിസരങ്ങളിലും വലിയ വിലയ്ക്ക് ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തുകയാണ് സംഘത്തിന്റെ രീതി.
ഷെഫീഖ് താമസിക്കുന്ന തുമരക്കാവിലെ വാടക വീട്ടിൽ നിന്നും അമ്പതോളം കഞ്ചാവ് പാക്കറ്റുകളും ഇലക്ട്രോണിക് തുലാസുകളും പോലീസ് കണ്ടെടുത്തു. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത് സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ്കുട്ടി, ഉണ്ണിക്കുട്ടൻ, ധനേഷ്കുമാർ, ഷിജിത്ത്, ആന്റണി, അക്ബർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ലഹരികടത്തിനെകുറിച്ച് കൂടുതൽ അന്വഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.