Fincat

കൂർമ്പാച്ചി മലയിൽ കയറിയ ആളെ രാത്രി തിരിച്ചിറക്കി, പ്രതിഷേധവുമായി നാട്ടുകാർ

മലമ്പുഴ: നാട്ടുകാരെ ആശങ്കപ്പെടുത്തി കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള്‍ കയറി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് (45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു.

1 st paragraph

ഞായറാഴ്ച രാത്രി മലമുകളില്‍ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്. രാത്രി എട്ടരമുതലാണ് കൂര്‍മ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോര്‍ച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാജീവനക്കാരും വനപാലകരും പോലീസുമെല്ലാം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു. രാധാകൃഷ്ണനെ പിന്നീട് വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

2nd paragraph

പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഞായറാഴ്ച രാത്രി മല കയറിയത് രാധാകൃഷ്ണനല്ലെന്നും അതിക്രമിച്ചുകയറുന്നവര്‍ക്കെതിരേ കര്‍ശനനടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രി മലമുകളില്‍ ഒന്നിലധികം പേര്‍ ടോര്‍ച്ചടിച്ചിരുന്നുവെന്നും മല കയറി പരിചയമുള്ള ആരെങ്കിലുമായിരിക്കുമെന്നും ഇവര്‍ താഴെ ആളുകളുള്ളതറിഞ്ഞ് മറ്റു വഴികളിലൂടെ ഇറങ്ങിപ്പോവുകയോ കാട്ടില്‍ തങ്ങുകയോ ചെയ്തിരിക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു.