മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലും മറ്റ് ഏഴിടങ്ങളിലുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രമേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.
കേസില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന് ആരോപിച്ച് പരാതിക്കാര്‍ സമരപരിപാടികളിലേക്ക് കടക്കാനൊരുങ്ങുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് പരിശോധന.
ചന്തേര പൊലീസ് സ്റ്റേഷനില്‍ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകള്‍ നിലവിലുണ്ട്. എം.സി. കമറുദ്ദീന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ചെറുവത്തൂര്‍ ആസ്ഥാനമായ ഫാഷന്‍ ഗോള്‍ഡ് ജൂവലറി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി.800-ഓളം നിക്ഷേപകരില്‍ നിന്നും 136 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയെന്നതാണ് റെയ്ഡിന്‍റെ ഉദ്ദേശം. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശോധന.