പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടിയെന്ന് ഐഎൻഎൽ അഡ് ഹോക്ക് കമ്മിറ്റി; പങ്കെടുക്കാതെ വഹാബ് പക്ഷം

കോഴിക്കോട്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐഎൻഎൽ അഡ് ഹോക്ക് കമ്മിറ്റി തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന് എതിരായി നിലപാട് എടുക്കുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും കോഴിക്കോട് ചേർന്ന അഡ് ഹോക്ക് കമ്മിറ്റിയിൽ തീരുമാനിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ പിരിച്ചു വിട്ടിട്ടും മുൻ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൾ വഹാബ് കൗൺസിൽ വിളിച്ച് ചേർക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

അഡ്ഹോക്ക് കമ്മിറ്റിയിൽ പങ്കെടുക്കില്ലെന്ന് എപി അബ്ദുൾ വഹാബ് അറിയിച്ചിരുന്നു. സംസ്ഥാന കൗൺസിൽ പിരിച്ചുവിട്ട ഐഎൻഎൽ ദേശീയ നേതൃത്വത്തിനെതിരെ രണ്ടും കല്പിച്ചുള്ള നിലപാടിലാണ് വഹാബ് പക്ഷം. സംസ്ഥാന കൗൺസിലിലെ 119 അംഗങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയും വഹാബിനുണ്ട്. ഐഎൻഎൽ കേരളയെന്ന പേരിൽ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതയും വഹാബ് പരിശോധിച്ചേക്കും.

കാന്തപുരത്തിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ സമവായ നിർദേശങ്ങൾ ഐഎൻഎൽ ദേശീയ നേതൃത്വം തള്ളിയത് ആയുധമാക്കാനാണ് വഹാബ് പക്ഷത്തിന്റെ നീക്കം. ഭരണഘടനപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന് ഭരണഘടനാ സാധുതയുണ്ടൊയെന്ന മറുചോദ്യവും വഹാബ് പക്ഷം ഉന്നയിക്കുന്നു. കഴിഞ്ഞ പതിനേഴ് വർഷമായി ദേശീയതലത്തിൽ സംഘടനാ തെരഞ്ഞെടുപ്പും മെമ്പർഷിപ്പ് നൽകുകയും ചെയ്തിട്ടില്ല. ഒരു ഘട്ടത്തിൽ തമിഴ്നാട്ടിൽ 5 നിയമസഭാ സാമാജികരുണ്ടായിരുന്ന പാർട്ടി കേരളത്തിൽ മാത്രമായി ചുരുങ്ങി പോയത് ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നുമാണ് വഹാബ് പക്ഷം നേതാക്കളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് അംഗത്വ വിതരണ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ അഡ് ഹോക്ക് കമ്മിറ്റി ചേരാൻ മറുപക്ഷം തീരുമാനിച്ചത്.