ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്. പല കടകളിലും ഗ്ലേഷ്യൽ അസറ്റിക് ആസിഡ് മാനദണ്ഡ പ്രകാരമല്ലാതെ ഉപയോഗിക്കുന്നതായി ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ വകുപ്പും നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്നും വെള്ളമെന്ന് കരുതി ആസിഡ് കലർന്ന ലായനി കുടിച്ച രണ്ടു കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ വ്യാപകമായി പരിശോധന നടത്തിയിരുന്നു.

കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ നിന്ന് പിടിച്ചെടുത്ത കന്നാസുകളിൽ ഉള്ളത് ഭക്ഷ്യയോഗ്യമല്ലാത്തതും തട്ടുകടകളിൽ സൂക്ഷിക്കാൻ പാടില്ലാത്തതുമായ ഗ്ലേഷ്യൽ അസറ്റിക് ആസിഡെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് അശ്രദ്ധമായി കുപ്പിയിൽ സൂക്ഷിച്ചത് കുടിച്ചതാണ് കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയെ അവശ നിലിയിലാക്കിയതെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിഗമനം. എന്നാൽ തട്ട് കടകളിലെ ഉപ്പിലിട്ട കുപ്പികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിരോധിത വസ്തുക്കളില്ലെന്നാണ് പരിശോധനാഫലം.

രണ്ട് തട്ട് കടകളിൽ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കന്നാസുകളിൽ സൂക്ഷിച്ചിരുന്ന ദ്രാവകം പരിശോധനക്ക് എടുത്തിരുന്നു. ഇതിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. തൊണ്ണൂറ്റി ഒൻപത് ശതമാനം ഗാഢ അസറ്റിക്ക് ആസിഡായ ഇത് കുടിച്ചാലോ ദേഹത്ത് വീണാലോ പൊള്ളൽ ഏൽക്കും .അതിനാൽ തട്ടുകടയിൽ അശ്രദ്ധമായി കുപ്പിയിൽ സൂക്ഷിച്ച ഗ്ലേഷ്യൽ അസറ്റിക്ക് ആസിഡ് കുട്ടി കുടിച്ചെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ അനുമാനം.

ഗ്ലേഷ്യൽ ആസിഡ് നേരിട്ട് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുകയോ തട്ടുകടകളിൽ സൂക്ഷിക്കുകയോ ചെയ്യരുത്. ഇത് നിയമ വിരുദ്ധമാണ്. വിനാഗിരി ആണെങ്കിൽ പോലും നിശ്ചിത ഗുണ നിലവാരമുള്ളതേ ഭക്ഷ്യപദാർത്ഥങ്ങളിൽ ചേർക്കാവൂ. തട്ടുകടകളിലെ ഉപ്പിലിട്ടതിന്റെ കുപ്പികളിൽ നിന്ന് മൂന്ന് സാമ്പിളുകളും പരിശോധനക്ക് അയച്ചിരുന്നു. ഇവയിൽ പക്ഷെ അസറ്റിക് ആസിഡിന്റെയോ നിരോധിത വസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല