വനപാലകർ കുഴിയിൽ വീണ കുഞ്ഞിക്കടുവയെ രക്ഷപ്പെുത്തി


ബത്തേരി: കുഴിയിൽ വീണ കുഞ്ഞിക്കടുവയെ വനപാലകർ രക്ഷപ്പെടുത്തി. പരുക്കുകൾ ഒന്നും കൂടാത രക്ഷപ്പെട്ട കുഞ്ഞിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായുള്ള കാത്തിരിപ്പിലാണ് വനപാലകർ. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയിൽ മണിയുടെ സ്ഥലത്ത് എട്ടടിയോളം താഴ്ചയുള്ള കുഴിയിൽ വ്യാഴാഴ്ച രാത്രിയാണു കടുവക്കുഞ്ഞ് വീണത്.

സെപ്റ്റിക് ടാങ്കിനായി നിർമ്മിച്ച കുഴി കാടുപിടിച്ചു കിടക്കുകയായിരുന്നു. ഈ കുഴിയിലേക്കാണ് കുഞ്ഞിക്കടുവ വീണത്. ആറ് മാസം പ്രായമുള്ള പെൺകടുവക്കുഞ്ഞിനു പരുക്കില്ല. ഇന്നലെ രാവിലെ എട്ടരയോടെ വനപാലകസംഘം മയക്കുവെടി വച്ചശേഷം വലയിലാക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയ നേതൃത്വം നൽകി. തള്ളക്കടുവയ്‌ക്കൊപ്പം നടക്കുമ്പോൾ കുഞ്ഞിക്കടുവ ആറിയാതെ കുഴിയിലേക്ക് വീണതാകാമെന്നാണു നിഗമനം.

കുഞ്ഞ് വീണ കുഴിക്കയ്ക്കടുത്തു രാത്രി മുഴുവൻ തള്ളക്കടുവ കാത്തിരുന്നു എന്നാണു സൂചന. സമീപത്തെവിടെയോ ഉണ്ടാകാമെന്ന നിഗമനത്തിലാണു വനാതിർത്തിയിൽ കൂടു സ്ഥാപിച്ച് കടുവക്കുഞ്ഞിനെ അതിനുള്ളിലാക്കിയത്. കുഞ്ഞിനെ തിരക്കി അമ്മക്കടുവ എത്തുമെന്ന പ്രതീക്ഷയിലാണ് വനപാലക സംഘം.