പോലീസിന്റെ ഔദ്യോഗിക വിവരം SDPIക്ക് ചോർത്തിയ പൊലീസുകാരനെ പിരിച്ചുവിട്ടു
ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പി കെ എന്നയാളെയാണ് പിരിച്ചു വിട്ടത്. ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പോലിസ് ശേഖരിച്ച ആർ എസ് എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്. ഇത് സംബന്ധിച്ച് നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആരോപണ വിധേയനായ അനസ് പി കെ യ്ക്ക് പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടീസും കഴിഞ്ഞ മാസം നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് പിരിച്ചുവിടൽ നടപടി എടുത്തിരിക്കുന്നത്.
ബിജെപി (BJP), ആർഎസ്എസ് (RSS) നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങൾ പോലീസ് ശേഖരിച്ചത് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ചോർത്തി നൽകുകയാണ് അനസ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക വിവരം ചോർത്തിയെന്ന ആരോപണം ശരിവക്കുന്ന കണ്ടെത്തലുകളോടെ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് ജില്ല പോലീസ് മേധാവിക്ക് നൽകിയത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ ജി ലാൽ ആണ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ആരോപണങ്ങൾ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.