ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി വിദ്യാര്‍ഥി

കാലടി: സഹപാഠികളെ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെ ഹീറോയായിരിക്കുകയാണ് അഞ്ചാം ക്ലാസുകാരന്‍ ആദിത്യന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ ബസാണ് ഡ്രൈവറില്ലാതെ മുന്നാട്ട് നീങ്ങിയത്. ഈ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദിത്യന്‍. ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറിയിരുന്നു ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. വൈകിട്ട് വീട്ടില്‍ പോകുന്നതിനായി വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണ് ഗിയര്‍ തെന്നി മാറി ബസ് മുന്നോട്ട് നീങ്ങിയത്. മുന്നില്‍ ഇറക്കമാണ്. വിദ്യാര്‍ഥികള്‍ ബഹളം വയക്കാന്‍ തുടങ്ങിയതോടെ ആദിത്യന്‍ ഡ്രൈവര്‍ സീറ്റില്‍ എത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യന്‍ ലോറിയില്‍ പോകാറുണ്ട്. അതിനാല്‍ ഡ്രൈവിങ് സംവിധാനത്തെക്കുറിച്ച് ആദിത്യന് അറിയാം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍