നിരായുധരാക്കും വരെ ആക്രമണം, ധാരണയാകാതെ റഷ്യ- യുക്രെയിൻ രണ്ടാം ചർച്ചയും
സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കും
മോസ്കോ: സൈനിക സന്നാഹങ്ങൾ തകർത്ത് യുക്രെയിനെ നിർവീര്യമാക്കുംവരെ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവർത്തിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയിനുമായുള്ള രണ്ടാം സമാധാന ചർച്ച ഇന്നലെ വൈകി ബെലറൂസിൽ നടന്നു. സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ യുക്രെയിനെ അനുവദിക്കാമെന്ന് റഷ്യ സമ്മതിച്ചെങ്കിലും ആക്രമണം അവസാനിപ്പിക്കുന്നതിൽ ധാരണയായില്ല. എന്നാൽ, മൂന്നാമതും ചർച്ചയ്ക്ക് തീരുമാനമായി.
അടിയന്തര വെടിനിറുത്തലാണ് യുക്രെയിൻ പ്രധാനമായും ആവശ്യപ്പെട്ടത്. പക്ഷേ, റഷ്യ വഴങ്ങിയില്ല.
അതിനിടെ, ആക്രമണം നിറുത്തി മുഖാമുഖമിരുന്ന് ചർച്ചയ്ക്ക് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി പുട്ടിനെ ക്ഷണിച്ചു.
ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായുള്ള ഫോൺ ചർച്ചയിലാണ് പുട്ടിൻ നിലപാട് ആവർത്തിച്ചത്. യുക്രെയിന്റെ ആയുധ സന്നാഹങ്ങൾ അപ്പാടെ തകർക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും പറഞ്ഞു.
തുറമുഖ നഗരമായ ഖേഴ്സൺ പൂർണ നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലും ആക്രമണം രൂക്ഷമാണ്.
ചെർണീവിൽ ജനവാസ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും നാലു വീടും തകർന്നു. ഖാർക്കീവിൽ 34 സിവിലിയന്മാർ കൊല്ലപ്പെട്ടു. ചെർണിഹീവ്, സാപോറിഷിയ, ഒഡേസ നഗരങ്ങളിലും റഷ്യൻ ആക്രമണം.
മരിയുപോൾ വളഞ്ഞു
തന്ത്രപ്രധാന തെക്കൻ തുറമുഖ നഗരമായ മരിയുപോളും റഷ്യൻ സേന പൂർണമായും വളഞ്ഞ് ആക്രമിക്കുകയാണ്. 24 മണിക്കൂർ തുടർച്ചയായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. രണ്ട് ദിവസമായി കുടിവെള്ളവും വൈദ്യുതിയും ഇല്ല. റഷ്യൻ സേന ട്രെയിനുകൾ തകർക്കുകയും ഹൈവേകൾ തടയുകയും ചെയ്‌തതിനാൽ ഭക്ഷ്യ വിതരണം നിലച്ചു.
അഭയാർത്ഥികൾ 40 ലക്ഷമാകും
ഈ നൂറ്റാണ്ടിലെ ഏറ്റവും കൊടിയ അഭയാർത്ഥി ദുരന്തത്തിലേക്കാണ് യുദ്ധം നീങ്ങുന്നത്. ഏഴു ദിവസത്തിനുള്ളിൽ അഭയാർത്ഥികൾ 10 ലക്ഷം കവിഞ്ഞത് ഈ നൂറ്റാണ്ടിൽ ആദ്യമാണ്. ഈ നില തുടർന്നാൽ യുക്രെയിനിലെ 40 ലക്ഷം ജനങ്ങളെങ്കിലും പലായനം ചെയ്യുമെന്ന് യു.എൻ മനുഷ്യാവകാശ കമ്മിഷൻ മുന്നറിയിപ്പു നൽകി.
9,000 റഷ്യൻ സൈനികർ
കൊല്ലപ്പെട്ടെന്ന്
ഇതുവരെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ. തങ്ങളുടെ 498 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നു. റഷ്യയുടെ 217 ടാങ്കുകൾ, 90 പീരങ്കികൾ, 31 ഹെലികോപ്റ്ററുകൾ, 30 വിമാനങ്ങൾ എന്നിവ തകർത്തെന്നും യുക്രെയിൻ. 2,870 യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യ.
3 ദിവസത്തിനകം മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും
യുക്രെയിനിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. 18 വിമാനം അടുത്ത 24 മണിക്കൂറിനകം
യുക്രെയിനിലെ ഇന്ത്യൻ എംബസി അടച്ചിട്ടില്ലെന്നും ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി
ഖാർക്കീവിൽ മരിച്ച ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മൃതദേഹം കൊണ്ടുവരാനും അവിടെ കുടുങ്ങിയ വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിക്കാനും ശ്രമം
18,000
ഇതുവരെ യുക്രെയിൻ അതിർത്തി കടന്ന ഇന്ത്യക്കാർ
6400
ഓപ്പറേഷൻ ഗംഗ വഴി 30 വിമാനങ്ങളിലായി എത്തിയവർ