മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ പാണക്കാട്ട് നേരിട്ടെത്തി.
മലപ്പുറം : പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്തിൽ ഉള്ള അനുശോചനം അറിയിക്കുവാൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാണക്കാട് കുടപ്പനക്കുന്ന് തറവാട്ടിൽ നേരിട്ടെത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിച്ചു. മതസൗഹാർദ്ദത്തിന് വേണ്ടി എന്നും നിലകൊണ്ട മഹത് വ്യക്തി ആയിരുന്നു അന്തരിച്ച ഹൈദരാലി ശിഹാബ് തങ്ങൾ എന്നും അദ്ദേഹത്തിന്റെ ദേഹവിയോഗം സമൂഹത്തിനും പ്രത്യേകാൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്കും തീരാനഷ്ടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള നല്ല ബന്ധം നിലനിർത്തുന്നതിൽ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു എന്നും ബാവാ തിരുമേനി പറഞ്ഞു. തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ട സാദിഖ് അലി ശിഹാബ് തങ്ങളെ പരിശുദ്ധ ബാവ തിരുമേനി അഭിനന്ദിക്കുകയും മുൻഗാമികളുടെ പാതയിലൂടെ സമുദായത്തെ നയിക്കുവാനും ഇതര സമുദായങ്ങളോടുള്ള നല്ല ബന്ധം നിലനിർത്തി കൊണ്ട് മുന്നേറുവാൻ ദൈവം അദ്ദേഹത്തിന് എല്ലാ അനുകൂല സാഹചര്യങ്ങളും അനുഗ്രഹങ്ങളും നൽകട്ടെ എന്നും ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
ഇതര സഭകളോടും മതങ്ങളോടും ഊഷ്മളമായ ബന്ധം നിലനിർത്തിക്കൊണ്ട് സഭയെ നയിക്കുവാൻ മലങ്കര സഭയുടെ ഇടയശ്രേഷ്ഠന് അള്ളാഹു സഹായിക്കട്ടെ എന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ ആശംസിച്ചു. സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്ക് ആശ്വാസവും സംരക്ഷണവും നൽകിക്കൊണ്ട് മുന്നേറുന്ന കാതോലിക്കാ ബാവയുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങളാൽ സഭ കൂടുതൽ സാക്ഷ്യം ഉള്ളതായി തീരട്ടെ എന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ ആശംസിച്ചു.
സമൂഹനന്മയുടെ സൂചകമായി സാദിഖ് അലി ശിഹാബ് തങ്ങൾ ഖുറാൻ നൽകി കത്തോലിക്ക ബാവയെ ആദരിച്ചപ്പോൾ മലങ്കര ഓർത്തഡോക്സ് സഭയുടെ വിനീത ഇടയൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പ്രാർത്ഥനാ സൂചകമായി ബൈബിൾ നൽകി അദ്ദേഹത്തെ ആശംസിച്ചു. മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത എബ്രഹാം മാർ സെറാഫിം സഭയുടെ മുതിർന്ന വൈദികനും കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴെയിൽ എന്നിവരും കാതോലിക്കാ ബാവായുടെ ഒപ്പമുണ്ടായിരുന്നു.