ഒരു യാഥാർത്ഥ്യബോധവും ഇല്ലാത്ത ബജറ്റ്; ഏട്ടിലെ പശു ഒരിക്കലും പുല്ല് തിന്നാറില്ല, പി കെ കുഞ്ഞാലികുട്ടി

തിരുവനന്തപുരം: ധനകാര്യമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് ഒരു യാഥാർത്ഥ്യബോധവും ഇല്ലാത്തതാണ്. നമ്മുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ബജറ്റ് കേവല പ്രഖ്യാപനങ്ങൾ മാത്രമാണ്. ആസൂത്രണമില്ലായ്മ മുഴച്ചു കാണുന്നുണ്ട്. ഏട്ടിലെ പശു ഒരിക്കലും പുല്ല് തിന്നാറില്ല. കഴിഞ്ഞ പിണറായി ഗവണ്മെന്റിന്റെ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങൾ പലതും ഇപ്പോഴും ഏട്ടിലെ പശുവാണ്. ഈ ബഡ്ജറ്റും അത്രയേ ഉള്ളൂ. സത്യത്തിൽ ഗവണ്മെന്റ് ഏറെ ഉത്തരവാദിത്വ ബോധം കാണിക്കേണ്ട ഒരു സമയമായിരുന്നു ഇത്.

സാമ്പത്തികമായി വളരെ വിഷമം പിടിച്ച ഒരു ഘട്ടത്തിലൂടെ നമ്മൾ കടന്നുപോകുന്ന ഒരു സാഹചര്യത്തിൽ അതിനു വേണ്ട പരിഹാരങ്ങൾക്കായിരുന്നു മുൻതൂക്കം കൊടുക്കേണ്ടിയിരുന്നത്. അതില്ലെന്ന് മാത്രമല്ല സാധാരണക്കാരന്റെ പിരടിയിൽ അമിതഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു. കോവിഡും, പ്രളയവും സൃഷ്ട്ടിച്ച മാന്ദ്യത്തിൽ നിന്നും കരകയറ്റുന്ന ഒരു സമീപനം എടുത്തിരുന്നെകിൽ അത് സ്വാഗതാർഹമായിരുന്നു. ഭാവിയിൽ കേരളത്തിന്റെ സമ്പത് ഘടനയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റാണ് ഇതെന്ന് പറയാതെ വയ്യ.