ചായയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചൂട് ചായ ഒഴിച്ച് മലപ്പുറം സ്വദേശികൾ
മൂന്നാർ: ചായയ്ക്ക് ചൂട് പോരെന്ന് പറഞ്ഞ ചൂട് ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ച് മലപ്പുറം സ്വദേശികൾ. മൂന്നാർ ടോപ്പ് സ്റ്റേഷനിലാണ് സംഭവം. മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ മലപ്പുറം സ്വദേശികളാണ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചത്. ഇതിന് പിന്നാലെ ഹോട്ടൽ ജീവനക്കാർ ഇവരെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ മലപ്പുറം ഏറനാട് സ്വദേശി അർഷിദ്, ഇവർ എത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് എന്നിവർക്ക് പരിക്കേറ്റു.
ടോപ് സ്റ്റേഷനിലെത്തിയ മുപ്പത്തിയെട്ട് പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘം അവിടെയുള്ള ഒരു ചായക്കടയിൽ കയറി. ഹോട്ടലിൽ നിന്നും ലഭിച്ച ചായ തണുത്ത് പോയെന്ന് ആരോപിച്ചാണ് സംഘത്തിലൊരാൾ ചൂടുള്ള ചായഹോട്ടൽ ജീവനക്കാരന്റെ മുഖത്തൊഴിച്ചത്. ഇതിന് പിന്നാലെ ഇവർ ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റത്തിലായി.
തർക്കം രൂക്ഷമായതോടെ സഞ്ചാരികൾ ബസിൽ കയറി സ്ഥലംവിട്ടു. എന്നാൽ ഹോട്ടൽ ജീവനക്കാർ സുഹൃത്തുക്കളുമായി ഇരുചക്രവാഹനങ്ങളിൽ ബസിനെ പിന്തുടരുകയായിരുന്നു. യെല്ലപ്പെട്ടിയിലെത്തിയ ബസിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി. ബസിന്റെ ജീവനക്കാരേയും അതിലുണ്ടായിരുന്നവരെയും ഹോട്ടൽ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.