ബ്ളാസ്റ്റേഴ്സ് ലീഗ് ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി
തിലക് മൈതാൻ: ഐ എസ് എല്ലിലെ തങ്ങളുടെ മൂന്നാം ഫൈനലിന് യോഗ്യത നേടി കേരള ബ്ളാസ്റ്റേഴ്സ്. ഇന്ന് നടന്ന ആദ്യ സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ലീഗ് ചാമ്പ്യന്മാരായ ജംഷഡ്പൂർ എഫ് സിയെ 1-1 സമനിലയിൽ കുരുക്കിയായിരുന്നു ബ്ളാസ്റ്റേഴ്സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ പാദത്തിൽ സഹലിന്റെ ഗോളിൽ ബ്ളാസ്റ്റേഴ്സ് 1-0ന് ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയിരുന്നു. ഇതിനെതുടർന്ന് രണ്ടാം പാദത്തിൽ ബ്ളാസ്റ്റേഴ്സിന് ഫൈനൽ യോഗ്യത നേടാൻ ഒരു സമനില മാത്രം മതിയായിരുന്നു.
ആദ്യ പകുതിയിൽ അഡ്രിയാൻ ലൂണ നേടിയ തകർപ്പൻ ഗോളിന്റെ ബലത്തിൽ ബ്ളാസ്റ്റേഴ്സ് 1-0ന് മുന്നിലെത്തി. 18ാം മിനിട്ടിൽ ക്യാപ്ടൻ അഡ്രിയാൻ ലൂണ ബ്ളാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടി. വാസ്കസിൽ നിന്ന് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ലൂണ ജംഷദ്പൂർ ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് അകറ്റി കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിയുടെ 50ാം മിനിട്ടിൽ പ്രൊണായ് ഹാൾദർ നേടിയ ഗോളിൽ ജംഷഡ്പൂർ സമനില നേടി.
നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ബ്ളാസ്റ്റേഴ്സ് ഫൈനലിൽ നേരിടും. എ ടി കെ മോഹൻ ബഗാനും ഹൈദരാബാദ് എഫ് സിയും തമ്മിലാണ് രണ്ടാം സെമി.